2015 ഓഗസ്റ്റ് 22, ശനിയാഴ്‌ച

പൂവിളി... പൂവിളി... പൊന്നോണമായി...

onam
ഓണം പൂക്കളുടെ ഉത്സവമാണ്. കനത്തു പെയ്ത 
കാലവർഷത്തിനു പിന്നാലെ എത്തിയ കവിത തുളുമ്പുന്ന 
പൊന്നോണത്തെ തളിരും മലരും ഒരുക്കിയാണ് പ്രകൃതി 
വരവേൽക്കുന്നത്. കറുക മുതൽ കാട്ടുചെമ്പകം വരെ, മുക്കുറ്റി
 മുതൽ മുള്ളിലവ് വരെ പൂത്തുലഞ്ഞു നിൽക്കുന്ന 
ചിങ്ങമാസത്തെക്കുറിച്ച് എത്രയെത്ര നാടൻപാട്ടുകളാണ് 
പ്രചാരത്തിലുള്ളത്! വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, വിൽപ്പാട്ട്, 
കുറവൻ പാട്ട്, തുമ്പിതുള്ളൽ പാട്ട് തുടങ്ങി പത്തോളം 
ഇനങ്ങളിലായി ഇവയെ തരംതിരിക്കാനാകും. ഓരോ 
ജനപദങ്ങളിലും തലമുറകളിൽ നിന്നു തലമുറകളിലേക്ക് കൈമാറ്റം
 ചെയ?പ്പെട്ടുവന്ന ഇത്തരം പാട്ടുകളിൽ ഭൂരിഭാഗവും 
പൂവണിഞ്ഞ മലനാടിനെയും പൂക്കളെയുമാണ് വർണിക്കുന്നത്.
 അത്തം നാളിലാണല്ലോ പൂക്കളമൊരുക്കുന്നത്. അതിനുള്ള 
ആഹ്വാനമാണ് താഴെ ചേർത്തവിൽപ്പാട്ടിലെ വരികളിൽ.
അത്തം പത്തിന് പൊന്നോണം വെക്കം പൂക്കളൊരുക്കേണം തക്കിട
 തരികിട താളത്തിൽ ചെത്തിയൊരുക്കൂ പൂമുറ്റം
ചിങ്ങമാസത്തിന്റെ വരവിനെ കുറിക്കുന്ന ഈ വരികൾ
 ശ്രദ്ധിക്കൂ.
കർക്കിടകത്തിൻ കറുപ്പ് നീങ്ങി വെൺമുകിൽ പക്ഷികൾ പാറി 
വാനിൽ എൻ മലർത്തോപ്പിൽ കുസുമങ്ങൾ തൻ വർണോത്സവം 
ഹായ്! സുഗന്ധപൂരം
പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ നിന്നായിരുന്നു പൂക്കൾ ശേഖരിച്ചത്.
 ഓരോ നാളിനും ഓരോ പൂവിനായിരുന്നത്രെ പ്രാമുഖ്യം.
onam
അത്തം നാൾ മത്തപ്പൂ ചിത്തിര നാളൊത്തിരിപ്പൂ ചോതിക്കോ
 കാതിപ്പൂ ശോകമില്ലാപ്പൂ വിശാഖംനാൾ അനിഴം നാൾ പവിഴപ്പൂ 
കേട്ടയിലോ നാറ്റപ്പൂ മൂലം നാൾ വാലൻപൂ പൂരാടത്തിന് ചാരപ്പൂ 
ഉത്രാടത്തിന് പൂവട ഹായ്! തിരുവോണത്തിന് പൊടിപൂരം
ഇവിടെ ഒത്തിരിപ്പൂ എന്നു പറഞ്ഞിരിക്കുന്നത് നിരവധി 
ഇതളുകൾ ഉള്ള പൂവിനെയായിരിക്കണം. കാതിപ്പൂ 
കമ്മൽച്ചെടികളുടെ പൂവും ശോകമില്ലാപ്പൂ 
അശോകപ്പൂവുമാകാം.പൂക്കളമൊരുക്കുന്നതിന് ചില
 ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. അത്തം നാൾ ഏതു ദിവസമാണോ 
വരുന്നത് അതനുസരിച്ചു വേണമത്രെ പൂക്കളിറുക്കുവാൻ.
തിങ്കളിലത്തെ നാൾ വന്നാൽ വെൺനുര തോൽക്കും പൂ വേണം
 ചൊവ്വയിലായാൽ ചെമ്പൻപൂ തളിരില മുഖ്യം ബുധനാഴ്ച 
വ്യാഴം നാളിൽ കാവിപ്പൂ പീതം വെള്ളിയ്ക്കാവശ്യം ശ്യാമം 
ശനിയുടെ വർണം താൻ ശ്വേതം രവിയുടെ മലർ തന്നെ
ഇതു കുറച്ചുകൂടി വ്യക്തമാക്കുന്നു അടുത്ത വരികൾ.
അൻപെഴും തുമ്പപ്പൂ തിങ്കളാഴ്ച കൊമ്പനാം ചെമ്പ്രത്തി 
ചൊവ്വാനാളിൽ കൂമ്പിലേം പൂവും ബുധനൊരുക്കാൻ 
വമ്പനശോകപ്പൂ വ്യാഴനാവാം തങ്കപ്പൂ വെള്ളിയ്ക്ക് ചേരുമല്ലോ 
ഇന്ദ്രനീലപ്പൂ ശനിയ്ക്കുതന്നെ ചെമ്പനരളിപ്പൂ ഞായറാഴ്ച 
മങ്കമാരെല്ലാമറിഞ്ഞുകൊള്ളൂ .
നവഗ്രഹങ്ങളും അവയുടെ അനുകൂലരത്നങ്ങളും തമ്മിലുള്ള 
ബന്ധമല്ലേ ഈ പാട്ടുകൾ സൂചിപ്പിക്കുന്നത്? ചന്ദ്രന് മുത്ത്, 
ചൊവ്വയ്ക്ക് പവിഴം, ബുധന് മരതകം, വ്യാഴന് പുഷ്യരാഗം, 
ശുക്രന് വജ്രം, ശനിക്ക് ഇന്ദ്രനീലം, ആദിത്യന് മാണിക്യം 
എന്നിങ്ങനെയാണല്ലോ രത്നശാസ്ത്രം പറയുന്നത്.പൂക്കളങ്ങളുടെ 
വലുപ്പത്തെക്കുറിച്ച് ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്.
അത്തം നാൾ വടവട്ടം പത്താം നാൾ കുടവട്ടം-
അത്തത്തിന് വടയുടെ വലുപ്പത്തിൽ തുടങ്ങുന്ന പൂക്കളം 
തിരുവോണമാകുമ്പോൾ കുടവട്ടമാകണത്രെ.
തിരുവാതിരപ്പാട്ടിലെ പൂക്കളങ്ങളുടെ സാന്നിദ്ധ്യത്തിന് 
ഒരുദാഹരണമിതാ.
അത്തപ്പൂ പിന്നെ ചിത്തിര, തൃത്താപ്പൂ പിന്നെ പീലിപ്പൂ 
ചൂടിയാടുന്ന മങ്കകൾ മല നാട്ടിലെ മുഗ്ധ കന്യകൾ
ഇനി തിരുവോണനാളിലെ പൂക്കളത്തെക്കുറിച്ചാണ്.
പൂമുറ്റത്തൊരു കുടവട്ടം കുടവട്ടത്തിൽ പലവട്ടം 
പലവട്ടങ്ങളിലിതളിട്ടു തിരുവോണപ്പൂ പൊലിപൊലിയേയ്
ഗ്രാമീണ ജനതയ്ക്ക് മാത്രം സ്വന്തമായ നാടൻപാട്ടുകളുടെ നിര 
അങ്ങനെ നീളുകയാണ്..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ