ഓ, ഓണം, ഓലേഞ്ഞാലി

‘ഓ’ എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ പൂചൂടി
എത്തുന്നത് ഓണമല്ലാതെ മറ്റെന്താണ്. തുമ്പകൾ പൂത്തുനിൽക്കുന്ന
നാട്ടുപറമ്പുകൾ, കാക്കപ്പൂവുകൾ നിരന്ന പാടങ്ങൾ, അവയ്ക്കു
മീതെ പിടിതരാതെ പറന്നുകളിക്കുന്ന നൂറുകണക്കിനു തുമ്പികൾ,
ആവേശത്തുമ്പിലെ ഊഞ്ഞാലാട്ടം, ഓണപ്പാട്ടുകൾ, ഓണക്കളികൾ,
ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ... പത്തു ദിവസത്തെ സ്കൂൾ
അവധിയിൽ അടിച്ചുപൊളിക്കുന്ന ഓണാഘോഷം കൂട്ടുകാരുടെ
അച്ഛനമ്മമാരുടെ ഓർമകളിൽ തെളിഞ്ഞുനിൽപുണ്ടാകും.
ഇപ്പോഴത്തെ ഓണത്തിനു കാക്കപ്പൂവ് കണികാണാൻ കിട്ടുമോ?
മറുനാട്ടിലെ മലയാളി കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ
സ്കൂൾ അവധിപോലും കിട്ടുന്നില്ലെന്ന വലിയ സങ്കടവുമുണ്ട്.
എങ്കിലും ലോകത്തെവിടെയുമുള്ള മലയാളികൾക്കു നാടിന്റെ
നന്മ പകരുകയും സമ്പൽസമൃദ്ധമായ ഭൂതകാലത്തെ
ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഓണക്കാലം.
കാത്തിരിപ്പുകളും പ്രതീക്ഷകളും കുടുംബസംഗമങ്ങളും
വിനോദങ്ങളും വിഭവസമൃദ്ധിയുമെല്ലാം ചേർന്ന
ആഘോഷപ്പൂരം.
ആഘോഷങ്ങളുടെ മട്ടും മാതിരിയുമെല്ലാം
കാലദേശങ്ങൾക്കനുസരിച്വു മാറിയിട്ടുണ്ടെങ്കിലും
നൂറ്റാണ്ടുകളുടെ പാരമ്പര്യപ്രൗഢി നഷ്ടപ്പെടുത്താതെ ഓണത്തെ
നാം കാത്തുപോരുകയാണ്. മറുനാട്ടിലെ
അസൗകര്യങ്ങൾക്കിടയിലെ ഇത്തിരി മുറ്റത്തു പൂക്കളം
ഒരുക്കിയും മലയാളി കൂട്ടായ്മകളിൽ വിപുലമായ
ആഘോഷങ്ങൾ സംഘടിപ്പിച്ചും വിഭവസമൃദ്ധമായ സദ്യ
ഒരുക്കിയും ഓണാഘോഷത്തിന്റെ പൊലിമ
പ്രവാസികൾക്കിടയിലും തെളിഞ്ഞുനിൽക്കുന്നു.
അതുകൊണ്ടുതന്നെ ഇന്ന് ഓണംകേറാമൂലകൾ
ലോകത്തെവിടെയുമില്ല.

മഹാബലി തമ്പുരാൻ (മാവേലി ) നാടു ഭരിച്ചതും വാമനൻ
അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതുമായ
ഐതിഹ്യം കൂട്ടുകാർ കേട്ടിരിക്കുമല്ലോ. പാതാളത്തിലേക്ക്
താഴുംമുൻപ് മഹാബലി ദേവനോട് അഭ്യർഥിച്ചത് ഒരൊറ്റക്കാര്യം.
തന്റെ പ്രിയപ്രജകളെ വർഷത്തിലൊരിക്കൽ വന്നുകാണാനുള്ള
അവസരം തരണമേ എന്ന്. അങ്ങനെയാണത്രേ എല്ലാ വർഷവും
തിരുവോണ നാളിൽ മഹാബലി തമ്പുരാൻ കേരളത്തിൽ വന്നു
ജനങ്ങളെ കണ്ടു മടങ്ങുന്നത്. തങ്ങളുടെ ആരാധനാ മൂർത്തിയായ
മഹാബലി നാടുകാണാൻ വരുന്ന ദിവസം ജനങ്ങളെല്ലാം
ആർഭാടത്തോടെ എതിരേൽക്കുന്നു. പ്രജകൾ ആഘോഷങ്ങൾ
സംഘടിപ്പിച്ചും സദ്യ ഒരുക്കിയും ഒത്തൊരുമയോടെ കഴിയുന്ന
കാഴ്ച കണ്ട് സംതൃപ്തിയോടെ മാവേലി തിരിച്ചു പോകും;
അടുത്ത വർഷത്തെ ഓണത്തിനു വീണ്ടും വരാൻ...
എല്ലാവർക്കും ടീം NSS ന്ടെ ഓണാശംസകൾ ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ