69ാം സ്വാതന്ത്ര്യദിനമാണിന്ന്. പിന്നിട്ട 68 വര്‍ഷങ്ങളില്‍ ജനാധിപത്യത്തെ കെടാതെ സംരക്ഷിക്കാനായതില്‍ ഓരോ പൗരനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തം തന്നെയാണിത്. എന്തെല്ലാം പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയാലും ശരി ജനാധിപത്യത്തിന്റെ അതിജീവനപരീക്ഷയില്‍ നാം വിജയം വരിച്ചു എന്നുപറയുന്നത് യുക്തിസഹം തന്നെയാണ്. കാരണം, ഏകദേശം നമുക്കൊപ്പം സ്വതന്ത്രരായ രാഷ്ട്രങ്ങളിലെ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുമാത്രം നോക്കിയാല്‍മതി നാം എത്രമാത്രം മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് മനസ്സിലാക്കാന്‍. അയല്‍രാജ്യങ്ങളായ നേപ്പാളും പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ എന്നും പട്ടാള അട്ടിമറികളാലും ജനാധിപത്യധ്വംസനങ്ങളാലും സംഘര്‍ഷഭരിതമാണ്. ചീനയാകട്ടെ ജനാധിപത്യമെന്ന സങ്കല്പംതന്നെ പരീക്ഷിച്ചുതുടങ്ങിയിട്ടുപോലുമില്ല. അഫ്ഗാനിസ്താന്‍ പതിറ്റാണ്ടുകളായി മതയുദ്ധങ്ങളുടെ പരീക്ഷണശാലയാണ്.
ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ചിന്ത വിദൂരഭാവിയില്‍പ്പോലും അവിടെ അസാധ്യമാണ്. ഗാന്ധിജിയും അംബേദ്കറും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനശിലകളിട്ട മഹാരഥന്മാരും അങ്ങനെ ഏതെങ്കിലുമൊരു ശക്തികള്‍ക്ക് എളുപ്പത്തില്‍ അട്ടിമറിക്കാനോ റാഞ്ചിക്കൊണ്ടുപോകാനോ പറ്റാത്ത ഒരു അദ്വിതീയമായൊരു മാതൃകയാണ് ഇവിടെ പണിതതെന്ന് ഇന്നു നാം തിരിച്ചറിയേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അവസാനിക്കില്ലെന്ന് കരുതപ്പെട്ടിരുന്ന ഏറ്റവും നീണ്ടരാത്രിയായിരുന്ന അടിയന്തരാവസ്ഥയെയും അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് കിട്ടിയതും അതിന്റെ അടിസ്ഥാനശിലകളില്‍ നിന്നുതന്നെയാണ്. ജനലക്ഷങ്ങളുടെ നിസ്വാര്‍ഥമായ ത്യാഗത്തിന്റെകൂടി അനന്തരഫലമാണ് ആ അടിസ്ഥാനശിലകളെന്ന ഓര്‍മകള്‍ എന്നും ഓരോ മനസ്സിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
'നാം മുന്നോട്ട്' എന്നായിരുന്നു, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മുടെ സ്വാതന്ത്ര്യബോധത്തിന് അടിസ്ഥാനശില പണിത മഹാരഥന്മാരിലൊരാളും 'മാതൃഭൂമി'യുടെ സ്ഥാപക പത്രാധിപരുമായ കെ.പി. കേശവമേനോന്‍ ദീര്‍ഘകാലം കൊളുത്തിവെച്ചിരുന്ന മാര്‍ഗദീപത്തിന്റെ കാതല്‍. എന്നാല്‍, അത്ര പ്രത്യാശാഭരിതമല്ല നമ്മുടെ പുതിയകാലം. 'നാം എങ്ങോട്ട്' എന്ന് ഈരാജ്യത്തെ ഓരോ പൗരന്മാരെക്കൊണ്ടും ചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്ന മട്ടിലാണ് നമ്മുടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്ന് പെരുമാറിക്കൊണ്ടിരിക്കുന്നത്. രാജ്യഭരണത്തിന്റെ ഒരിടപാടും നടക്കാതെപോയ പാര്‍ലമെന്റിന്റെ പിന്നിട്ട വര്‍ഷകാലസമ്മേളനം ഇതിന്റെ സാക്ഷ്യമാണ്. അഴിമതി ആരോപണപ്രത്യാരോപണങ്ങളാല്‍ ഇരുപക്ഷവും മുഖാമുഖം നില്‍ക്കുമ്പോള്‍ അതിലൂടെ ഇതുകണ്ടുനില്‍ക്കുന്ന ജനതയ്ക്ക് വായിച്ചെടുക്കാനുള്ളത് ഒന്നുമാത്രം; നാം പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍തന്നെയാണ്. കെടുത്തിക്കൊണ്ടിരിക്കുന്നത് അതിന്റെ പ്രകാശവും.
പാര്‍ലമെന്റിന് പുറത്തും അത്ര ആശാവഹമല്ല കാര്യങ്ങള്‍. അധികാരം പുതിയ മതമായി ഉടലെടുത്തതോടെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും അവരവരുടെ പ്രഖ്യാപിത പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുതന്നെ എത്രയോ അകന്നുപോയിരിക്കുകയാണ്. കൊടികളുടെ നിറവ്യത്യാസം അന്തസ്സാരശൂന്യമായി മാറുന്നകാലം ആശങ്കാജനകമാണ്. 'സത്യം, സമത്വം, സ്വാതന്ത്ര്യം' എന്ന് ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടുമാത്രമായില്ലല്ലോ. അധികാരം എല്ലാആദര്‍ശങ്ങളെയും വിഴുങ്ങുമ്പോള്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വിധി വെറും പ്രതിമയായിരിക്കുകയെന്നത് മാത്രമാകുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നമ്മുടെ നാട്ടില്‍നിന്ന് കെട്ടുകെട്ടിച്ച ആദര്‍ശം നാം പൂട്ടിവെക്കുമ്പോള്‍ ഗാന്ധിജിയുടെ തലയ്ക്കുമീതെക്കൂടി അവര്‍ വീണ്ടും പല പുതിയവേഷങ്ങളില്‍ തിരിച്ചുവരുന്നു. സമ്പത്ത് അന്യാധീനപ്പെട്ടാല്‍ ഒരു സംസ്‌കാരവും ബാക്കിയാകില്ലെന്ന് സ്വാതന്ത്ര്യത്തിനായി അഹിംസകൊണ്ട് നൂറ്റാണ്ടുയുദ്ധം നടത്തിയ ജനതയെ ആവര്‍ത്തിച്ചുപഠിപ്പിക്കേണ്ടതുണ്ടോ? 'നാം എങ്ങോട്ട്' എന്ന് ഓരോ വഴിത്തിരിവിലും നാം ആവര്‍ത്തിച്ചുചോദിച്ചേ പറ്റൂ. ഇവിടെ മൗനംപാലിച്ചാല്‍ നമ്മെ കാത്തിരിക്കുന്നത് അടിമത്തം ആനന്ദമായി വരിച്ച എല്ലാ ജനതകളുടെയും വിധിയാണ്. അത് ഇരുളടഞ്ഞതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ