2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

2015
ഓണത്തിന് ഒരുകുമ്പിള്‍ കാരുണ്യപ്പൂക്കള്‍

എടപ്പാള്‍: ഓണപ്പൂക്കളമൊരുക്കാന്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പൂക്കളെ കാത്തിരിക്കുന്ന മലയാളിക്കുമുന്നില്‍ കാരുണ്യത്തിന്റെ പൂക്കളുമായെത്തുകയാണ് ഒരുപറ്റം യുവാക്കള്‍. ഒഴിവുവേളകള്‍ പൂക്കൃഷിക്കായി വിനിയോഗിച്ച് അതിലൂടെ കിട്ടുന്ന സമ്പാദ്യം നാട്ടിലെ കാരുണ്യപ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്ന ഈ യുവാക്കള്‍ മാവേലി നാടിന്റെ സ്മരണയുണരുന്ന ഈ ഓണക്കാലത്ത് വേറിട്ട കാഴ്ചയാകുന്നു.

ചൂണ്ടല്‍കുറ്റിപ്പുറം സംസ്ഥാന പാതയുടെ ഓരത്ത് മലപ്പുറംതൃശ്ശൂര്‍ ജില്ലാതിര്‍ത്തിയിലാണ് മനുഷ്യമനസ്സില്‍ കാരുണ്യത്തിന്റെ പൂവിരിയിക്കുന്ന യുവാക്കളുടെ ഈ കൂട്ടായ്മ. ഇവിടെയുള്ള പ്രോഗ്രസ്സീവ് ക്ലബ്ബിലെ 70 ഓളംവരുന്ന യുവാക്കള്‍ കഴിഞ്ഞവര്‍ഷത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷി ആരംഭിച്ചത്. ചെണ്ടുമല്ലി, വാടാര്‍മല്ലി എന്നീ പൂക്കളുടെ വിത്തുകള്‍ തമിഴ്‌നാട്ടിലെ ഹുസൂരില്‍നിന്നെത്തിച്ചായിരുന്നു കൃഷി. ഒരേക്കറില്‍ തുടങ്ങിയ കൃഷി ഏറെ പ്രതിസന്ധികളുണ്ടായിട്ടും വിജയകരമായപ്പോള്‍ ഈ വര്‍ഷം ആവേശം വര്‍ധിച്ചു. ഇത്തവണ പൊതുജനങ്ങളുടെ സഹകരണത്തോടെ അഞ്ച് ഏക്കര്‍ സ്ഥലം സംഘടിപ്പിച്ച് അതില്‍ മുഴുവന്‍ പൂവിത്ത് വിതച്ചു.

എപ്പോഴും മഴപെയ്യുന്ന കേരളത്തിലെ കാലാവസ്ഥക്ക് അത്രക്ക് പറ്റിയതല്ല ഈ കൃഷിയെന്നറിഞ്ഞിട്ടും ഇവര്‍ വെല്ലു വിളി ഏറ്റെടുത്തു. ഒരു ചെടിയില്‍ ഒരേസമയം ഒരു കിലോയിലേറെ പൂക്കളുണ്ടാകുമ്പോള്‍ മഴപെയ്താല്‍ കനം തൂങ്ങി ചെടിയുടെ തലപൊട്ടി വീഴുകയും കട ചീയുകയുമെല്ലാം ചെയ്യുന്നത് പതിവാണ്. എന്നാലും അതിനെയല്ലൊം അതിജീവിച്ച് ഇത്തവണ അഞ്ചേക്കറും പൂത്തുലഞ്ഞു നില്‍ക്കുകയാണിപ്പോള്‍.

മൂന്നു ലക്ഷത്തോളം രൂപ ഇതിനകം ക്ലബ്ബിന് കൃഷിക്കായി െചലവായി. ഇവിടെത്തന്നെ കെട്ടിയുണ്ടാക്കിയ കൗണ്ടറില്‍ അപ്പോള്‍ത്തന്നെ പൊട്ടിച്ചെടുക്കുന്ന പൂവ് മാര്‍ക്കറ്റ്‌വിലയെക്കാള്‍ കുറച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ക്ലബ്ബംഗങ്ങള്‍ രാവിലെയും വൈകിട്ടും ഒഴിവുകിട്ടുമ്പോഴെല്ലാം എത്തിയാണ് പൂച്ചെടികളെ പരിപാലിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ രണ്ടേക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് രണ്ടുലക്ഷം രൂപ ലാഭമുണ്ടാക്കിയ ക്ലബ്ബ് 28 സെന്റില്‍ ചീരകൃഷി ചെയ്തും രണ്ടുലക്ഷം രൂപ ലാഭമുണ്ടാക്കി. വിഷുക്കാലത്ത് പടക്കക്കച്ചവടവും ക്ലബ്ബിന്റെ വകയായാണ് ഇവിടെ നടക്കുന്നത്. പൂക്കച്ചവടംകൂടി കഴിയുമ്പോള്‍ എട്ടുലക്ഷത്തോളം രൂപ ഇവരുടെ ക്ലബ്ബിന്റെ ആസ്തിയായി മാറും.
ക്ലബ്ബ് സ്ഥിതിചെയ്യുന്ന ഗ്രാമത്തിലെ രണ്ടു വാര്‍ഡുകളില്‍ സര്‍വ്വെ നടത്തി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മാരക രോഗങ്ങള്‍ക്കടിമപ്പെട്ടുകഴിയുന്ന നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് തീരുമാനം. ഇതിനായി ഡോക്ടര്‍മാരടക്കമുള്ളവരുടെ പാനല്‍ രൂപവത്കരിക്കാനും നീക്കമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ